Monday, March 14, 2016

ഭാഗം - 1

ദേവശ്രേഷ്ഠന്മാരിൽ മകുടമണിയെ തൊട്ടിരിക്കുന്നവനും സർവലക്ഷണങ്ങളോടുകൂടിയവനും തന്റെ പാദത്തിലെ തള്ളവിരൽകൊണ്ട് ലോകത്തെ പേടിപ്പിക്കുന്ന ശബ്ദം ഇല്ലാതാക്കിയവനുമായ ആ രുദ്രമഹാദേവൻ നിങ്ങളെ ഏവരേയും രക്ഷിക്കുമാറാകട്ടെ.

(രാവണ എന്ന് മൂലം. രാ‍വണൻ എന്നതിനർത്ഥം രവണം ചെയ്യുന്നവൻ. ലോകത്തെ ഞെട്ടിയ്ക്കുന്ന ശബ്ദം പുറപ്പെടുവിയ്ക്കുന്നവൻ. രാവണന്റെ കൈലാസോദ്ധാരണവും ശിവൻ കാലുകൊണ്ട് കൈലാസം അമർത്തി രാവണന്റെ കൈകൾ കൈലാസത്തിനടിയിൽ അമർന്നതും കഥ ഓർക്കുക. അതുവരെ ദശഗ്രീവൻ എന്ന് പേരുമാറ്റി രാവണൻ എന്നാക്കിയത് ശിവൻ ആണെന്ന് സങ്കൽപ്പം. ദശഗ്രീവൻ സാമഗാനം പാടി ശിവനെ സ്തുതിച്ചു എന്നും ശിവൻ പ്രസാദിച്ച് ചന്ദ്രഹാസം എന്ന വാൾ കൊടുത്തു എന്നും കഥ. ശങ്കരാഭരണം രാഗം അങ്ങനെ ഉണ്ടായി എന്നും പറയപ്പെടുന്നു.)

ഓ! ഇതാണെന്റെ ഗൃഹം. ഞാൻ അകത്ത് കയറട്ടെ.

(പ്രവേശിച്ച്)

വിദൂഷക.. വിദൂഷകാ

(പ്രവേശിച്ച്)

വിദൂഷകൻ: ആര്യ, ഞാനിവിടെ ഉണ്ട്.

സൂത്രധാരൻ: ആരുമില്ലെങ്കിൽ ഞാൻ ഒരു സന്തോഷവർത്തമാനം പറയട്ടെ.

വിദൂഷകൻ: പറയൂ (ചുറ്റും നടന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി) വീട്ടിൽ ആരുമില്ല. ആര്യൻ എന്നോട് സന്തോഷവർത്തമാനം പറഞ്ഞാലും

സൂത്രധാരൻ: എന്നാൽ കേൾക്ക്. തന്റെ ഭാവിപ്രവചനത്തിനുള്ള കഴിവ്, പൂർവസൂരികൾ ഉപദേശിച്ച് തന്നതാണെന്ന് വിശ്വസിക്കുന്ന എന്റെ നഗരത്തിൽ നിന്നുള്ള ഒരു ബ്രാഹ്മണൻ ഇന്ന് പറഞ്ഞു: “ഇന്നെയ്ക്ക് ഏഴാം നാൾ നിങ്ങൾ രാജകൊട്ടാരത്തിൽ ഒരു പ്രദർശനം സംഘടിപ്പിക്കാൻ നിയുക്തനാകും. അതിൽ നിന്റെ പ്രകടനം നിനക്ക് അമൂല്യമായ സമ്പത്ത് തരും - രാജാവ് സന്തോഷിച്ച് പാരിതോഷികം തരുന്നതാണ്.” ബ്രാഹ്മണന്റെ ഭാവിപ്രവചനം സത്യമായി വരും എന്ന് ഉറപ്പുള്ള ഞാൻ അത് സാർത്ഥവൽക്കരിക്കാനായി തീരുമാനിച്ചു. അതിനായി സംഗീതവും നൃത്തവും ഒരുക്കാൻ പുറപ്പെടുന്നു.

വിദൂഷകൻ: ഏത് നാടകമാണ് ഭവാൻ പ്രദർശിപ്പിക്കുന്നത്?

സൂത്രധാരൻ: അതിനെ പറ്റിയാണ് ഞാൻ ആലോചിയ്ക്കുന്നത്. വാര, ഈഹാമൃഗം, ഡിമം, സമവകാര, വ്യയോഗം, ഭാണം, സല്ലാപം, വിത്തി, ഉത്ത്സൃഷ്ടകാങ്കം, പ്രഹസനം എന്നിങ്ങനെ പത്ത് തരത്തിലുണ്ട് രൂപകങ്ങൾ.ഞാനിവകളേയും ഇവകൾക്കാസ്പദമായ രസങ്ങളേയും കുറിച്ച് ചിന്തിച്ചശേഷം ഹാസ്യരസമാണ് പ്രധാനം എന്ന് കണ്ടു. അത് ചിരിഉണ്ടാക്കുന്നതാണല്ലൊ. അതിനാൽ ഒരു പ്രഹസനം തന്നെ ആകട്ടെ.

വിദൂഷകൻ: ആര്യ, എനിയ്ക്ക് ഹാസ്യം ഇഷ്ടമാണെങ്കിലും പ്രഹസനത്തിലെ ഹാസ്യം എന്താണെന്നറിയില്ല.

സൂത്രധാരൻ: എന്നാൽ പഠിയ്ക്കൂ. ശിക്ഷണം ലഭിയ്ക്കാതെ ഒന്നും മനസ്സിലാകില്ല

വിദൂഷകൻ: അങ്ങനെ എങ്കിൽ ആര്യൻ എന്നെ അഭ്യസിപ്പിയ്ക്കേണ്ടതാണ്.

സൂത്രധാരൻ: തീർച്ചയായും. സന്മാർഗ്ഗത്തിലൂടെ ജ്ഞാനസമ്പാദനത്തിനു നീ തീരുമാനിച്ചാ‍ൽ…

(അണിയറയിൽ നിന്നും) ശാണ്ഡില്യാ.. ശാണ്ഡില്യാ…

സൂത്രധാരൻ: ( കേട്ടുകൊണ്ട്) ഒരു ശിഷ്യനായി എന്റെ കൂടെ പോന്നോ. കാളക്കൂറ്റനെ പോലെ ഉള്ള ബ്രാഹ്മണയോഗീശ്വരൻ…

(രണ്ട് പേരും പോകുന്നു)

ഇങ്ങനെ പ്രസ്താവന സമാപിച്ചു

(അപ്പോൾ സ്വാമിയാർ പ്രവേശിക്കുന്നു.)

സ്വാമിയാർ: ശാണ്ഡില്യ, ശാണ്ഡില്യാ (ചുറ്റും നോക്കി) കാണാനില്ലല്ലൊ. അജ്ഞതയുടെ അന്ധകാരത്താൽ ചുറ്റപ്പെട്ടവൻ തന്നെ. കാരണം, കരയിൽ നിൽക്കുന്ന മരം ഓളങ്ങൾ തട്ടി വേരറ്റ് നദിയിലേക്ക് പതിയ്ക്കുന്ന പോലെ ശരീരം അസുഖവും ജരാനരയും ബാധിച്ച് മരണത്തിലേയ്ക്ക് വീഴുന്നതാണ്. അനേകങ്ങളായ സുകൃതകർമ്മങ്ങൾ കൊണ്ട് പുണ്യം സമ്പാദിച്ചാലും സൗന്ദര്യാദിലൗകീകസുഖങ്ങൾക്ക് കീഴ്പ്പെട്ട് ദോഷങ്ങളെ പറ്റി ബോധവാനാകുന്നില്ല.
ആയതിനാൽ പാവം, ശാണ്ഡില്യനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അവനെ ഒന്നുകൂടെ വിളിയ്ക്കട്ടെ, ശാണ്ഡില്യാ, ശാണ്ഡില്യാ.

(അപ്പോൾ ശാണ്ഡില്യൻ പ്രവേശിക്കുന്നു)

ശാണ്ഡില്യൻ: ആദ്യമേ പറയട്ടെ. പിണ്ഡത്തിനിട്ട ബലി കാക്കതിന്നശേഷം ബാക്കിയുള്ളത് തിന്ന് വളർന്ന എനിയ്ക്ക് അശേഷം വിദ്യഭ്യാസമില്ല. ഹരിശ്രീകുറിയ്ക്കാത്തവൻ എങ്കിലും ഞാൻ എന്റെ ദേഹത്ത് പൂണൂലുണ്ട് എന്നതിൽ സന്തോഷിയ്ക്കുന്നു.
പിന്നെ രണ്ടാമത് പറയുന്നത്, ഇല്ലത്ത് അശിയ്ക്കാൻ ഒന്നുമില്ലാത്തതിനാൽ വിശപ്പ് നല്ലവണ്ണമുണ്ട്. പ്രാതൽ മുട്ടിയപ്പോൾ ഞാൻ പോയി ബുദ്ധമതം സ്വീകരിച്ചു. പക്ഷെ ആ ദാസീപുത്രന്മാർക്ക് ഒരുനേരമേ ഊണുള്ളൂ എന്ന് കണ്ടപ്പോൾ ഞാൻ അതുവിട്ടു. വിശപ്പടക്കണമല്ലൊ. കാഷായവേഷം കളഞ്ഞ് ഭിക്ഷാപാത്രം തല്ലിപ്പൊട്ടിച്ച്, ഇതാ ഇപ്പോൾ എന്റെ കയ്യിൽ ഈ കുട മാത്രമേ ഉള്ളൂ.
പിന്നെ മൂന്നാമതായി ഞാനൊരു കഴുതയെ പോലെ സ്വാമിയാരുടെ വിഴുപ്പ് ഭാണ്ഡം ചുമന്ന് നടക്കുകയാണ് ഇപ്പോൾ.
അല്ല, എന്റെ സ്വാമിയാരെവിടെ പോയി? എന്താ ഉദ്ദേശം എന്നാവോ? ങ്ഹാ.. എനിക്കറിയാം ആ കുടിലവേഷക്കാരൻ ഇപ്പോൾ വിശപ്പ് സഹിക്കാതെ പ്രാതലിനായി ഭിക്ഷയാചിയ്ക്കുന്നുണ്ടാകും. ദൂരെ എവിടെ പോകാനും വഴിയില്ല.

(ചുറ്റിനടന്ന് സ്വാമിയാരെ കണ്ട്) ആഹാ, ഭഗവാൻ ഇതാ ഇവിടെ ഉണ്ടല്ലൊ. (സമീപം ചെന്ന്) ക്ഷമിയ്ക്കണേ ഭഗവാൻ എന്നോട് ക്ഷമിയ്ക്കണേ!

സ്വാമിയാർ: ശാണ്ഡില്യ, പേടിക്കരുത്.

ശാണ്ഡില്യൻ: ഭഗവാൻ, ഈ ലോകത്ത് എല്ലാസുഖങ്ങളുടേയും നടുവിൽ അങ്ങ് എങ്ങനെ ആണ് ഭിക്ഷ യാചിയ്ക്കുന്നത്?

സ്വാമിയാർ: കേൾക്കൂ, ആശയും അഭിമാനവും വെടിഞ്ഞ്, അധിക്ഷേപങ്ങളെ വകവെയ്ക്കാതെ, ഉദാരമതികൾ തരുന്നതുകൊണ്ട് മാത്രം ജീവൻ നിലനിർത്തുന്നവനാണ് ഞാൻ. ദോഷവ്യസനങ്ങൾ നിറഞ്ഞ ഈ ലോകത്തിനും മീതെ, ഭീകരജീവികളെ ഭയക്കാതെ സമുദ്രം തരണം ചെയ്യുന്നവനെ പോലെ ഞാൻ നടക്കുന്നു.
ശാണ്ഡില്യൻ: ഭഗവാൻ, ഭഗവാന്റെ പ്രസാദമല്ലാതെ എനിയ്ക്ക് ഈ ലോകത്ത് ബന്ധുവായി ആരുമില്ല. മൂന്നുനേരം ഭക്ഷണം കിട്ടുമെന്ന് വിചാരിച്ച് മാത്രം ഞാൻ അങ്ങയുടെ കൂടെ പോന്നതാണ്. അല്ലാതെ ധർമ്മത്തെ വിചാരിച്ചൊന്നും അല്ല.

സ്വാമിയാർ: ശാണ്ഡില്യ, ഇതെന്താണ്?

ശാണ്ഡില്യൻ: സത്യത്തെ തെറ്റായി ധരിയ്ക്കുന്നത് ബന്ധനത്തിലേക്ക് നയിക്കുമെന്ന് ഭഗവാൻ പറഞ്ഞില്ലെ?

സ്വാമിയാർ: തീർച്ചയായും. സത്യവും മിഥ്യയും കൂടിച്ചേർന്നാൽ ബന്ധനം തന്നെ. കാരണം, മനുഷ്യൻ ആർത്തിയോടെ സത്കർമ്മങ്ങൾ ചെയ്യുന്നവനെങ്കിൽ അവന്റെ ഇന്ദ്രിയങ്ങൾ അതിൽ ഉൾപ്പെടുന്നു. അപ്പോൾ കർമ്മഫലം, ഈശ്വരന്മാരാൽ സുരക്ഷിതന്യാസമായി പാലിക്കപ്പെടില്ല. (പഞ്ചേന്ദ്രിയങ്ങൾ ഉൾപ്പെട്ട കർമ്മം പുണ്യമായി ദേവന്മാർ സ്വീകരിക്കില്ല എന്നർത്ഥം)

ശാണ്ഡില്യൻ: എപ്പോഴാണ് അങ്ങനെയുള്ള കർമ്മഫലം ലഭിയ്ക്കുക?

സ്വാമിയാർ: വിരാഗത്തിൽ നിന്നുണ്ടാകുന്ന ഐശ്വര്യം ലഭിയ്ക്കുമ്പോൾ

ശാണ്ഡില്യൻ: അതെങ്ങനെ കിട്ടും?

സ്വാമിയാർ: വിരക്തിയിലൂടെ

ശാണ്ഡില്യൻ: പിന്നേയും ചോദിക്കട്ടെ, ഭഗവാൻ എന്താണ് വിരക്തി എന്ന ഈ അസംബന്ധം?

സ്വാമിയാർ: രാഗദ്വേഷങ്ങൾക്കിടയിലാണ് അത്. എങ്ങനെ എങ്കിൽ, സുഖദുഃഖങ്ങളിൽ ഒരുപോലെ, ഭയഹർഷങ്ങളിൽ ആസക്തനാകാതെ ബന്ധുവിനേയും ശത്രിവുനേയും ഒരുപോലെ കാണുന്നതാണ്, തത്വമറിയുന്നവർ വിരക്തി എന്ന് പറയുന്നത്.

ശാണ്ഡില്യൻ:  പക്ഷെ ശരിയ്ക്കും വിരക്തി നിലനിൽക്കുന്നുണ്ടോ?

സ്വാമിയാർ: അതിനെ സൂചിപ്പിയ്ക്കാൻ വാക്കില്ല

ശാണ്ഡില്യൻ: പക്ഷെ അനുഭവിയ്ക്കാൻ സാധിക്കും എന്നാണോ ഭഗവാൻ?

സ്വാമിയാർ: സംശയമെന്താണ്?

ശാണ്ഡില്യൻ: സത്യമല്ല ഇത് സത്യമല്ല

സ്വാമിയാർ: എങ്ങനെ സത്യമല്ല?

ശാണ്ഡില്യൻ: ഭഗവാൻ എന്നോട് എന്തിനാണ് ദേഷ്യപ്പെടുന്നത്?

സ്വാമിയാർ: കാരണം നീ പഠിക്കുന്നില്ല. അതുകൊണ്ട്.

ശാണ്ഡില്യൻ: ഞാൻ പഠിച്ചോ പഠിച്ചില്ലേ എന്നത് സർവസ്വതന്ത്രനായ അങ്ങേയ്ക്ക് എന്താണ്?

സ്വാമിയാർ: അങ്ങനെ അല്ല. വിദ്യാർത്ഥികൾക്ക് അടി ഒരു ശിക്ഷയല്ല എന്ന് അറിവുള്ളവർ പറഞ്ഞിട്ടുണ്ട്. അതിനാൽ ഞാൻ നിന്റെ നല്ലതിനായിട്ടുമാത്രം കോപിയ്ക്കാതെ ആണ് നിന്നെ ശിക്ഷിയ്ക്കുന്നത്.

ശാണ്ഡില്യൻ: ആശ്ചര്യം തന്നെ! ദേഷ്യപ്പെടാതെ എന്നെ തല്ലുന്നുവത്രെ. അത് പോട്ടെ ഭിക്ഷാസമയം കഴിയാറായി.

സ്വാമിയാർ: വിഡ്ഢി! ഇപ്പോഴും പ്രഭാതമാണ് ഉച്ചയല്ല. അമ്മിമാറ്റി തീയ്യണച്ച് വീട്ടിലുള്ളവരെല്ലാം ഭക്ഷിച്ചശേഷം ആണ് ഭിക്ഷയ്ക്ക് പറയുന്ന സമയം. അതുവരെ നമുക്ക് ഈ ഉദ്യാനത്തിൽ വിശ്രമിയ്ക്കാം.

ശാണ്ഡില്യൻ: ഹ ഹ ഹ ഭഗവാൻ പ്രതിജ്ഞ ലംഘിച്ചു.

സ്വാമിയാർ: അതെങ്ങനെ?

ശാണ്ഡില്യൻ: സുഖദുഃഖങ്ങൾ ഒരുപോലെ അല്ലേ സ്വാമിയാർക്ക്?

സ്വാമിയാർ: അതുകൊണ്ട്? എന്റെ ആത്മാവിനു സുഖദുഃഖങ്ങൾ ഒരുപോലെ എങ്കിലും കർമ്മാത്മാവിനു (ശരീരത്തിനു) വിശ്രമം ആവശ്യമാണ്.

ശാണ്ഡില്യൻ: ഭഗവാൻ, ആത്മാവ് എന്ന് പറയുന്നതെന്താണ്? എന്താണ് കർമ്മാത്മാവ്? (ശരീരം)

സ്വാമിയാർ: കേട്ടോളൂ. ഏതാണോ സ്വപ്നത്തിൽ സ്വർഗ്ഗത്തിൽ എത്തുന്നത് അത് അന്തരാത്മാവാണ്. അതേ അന്തരാത്മാവു തന്നെയാണ് വിധിയ്ക്ക് കീഴ്പ്പെടുന്നതും. എന്നാൽ കർമ്മാത്മാവ് (ശരീരമാണ്) മാത്രമാണ് മനുഷ്യനും മറ്റ് ജീവികൾക്കും സുഖദുഃഖങ്ങൾക്ക് പാത്രമായിട്ടുള്ളത്.

ശാണ്ഡില്യൻ: ജരാനരകൾ ബാധിക്കാത്ത, മരണമില്ലാത്ത, അഭേദ്യമയാതെന്തോ അതിനെ ആത്മാവ് എന്ന് പറയുന്നു. ചിരിയ്ക്കുന്നതും ഉറങ്ങുന്നതും ഭക്ഷിയ്ക്കുന്നതും നശിയ്ക്കുന്നതും എന്താണോ അതിനെ കർമ്മാത്മാവ് എന്നു പറയുന്നു.

സ്വാമിയാർ: നീ നിനക്ക് പറ്റുന്ന പോലെ മനസ്സിലാക്കി. മിടുക്കൻ

ശാണ്ഡില്യൻ: ആഹാ, ഇനിയും പറയൂ തുടരൂ. ഭഗവാനെ പിടിച്ചു ഞാൻ

സ്വാമിയാർ: എങ്ങനെ?

ശാണ്ഡില്യൻ: ശരീരം ഇല്ലാതെ ഒന്നും ഇല്ല. അതല്ലെ ശരി?

സ്വാമിയാർ: ഞാൻ ലൗകീകമായി ഉദാഹരിച്ചതാണ്. പലവിധത്തിലും പലതരത്തിലും ഈ സ്ഥിതിയിൽ പറയാം. അതിനാൽ ഞാൻ പറഞ്ഞെതെന്തോ അത് പറഞ്ഞു.

ശാണ്ഡില്യൻ: ശരി. എങ്കിൽ “താങ്കൾ” ശരിയ്ക്കും എന്താണ്?

സ്വാമിയാർ: കേൾക്കൂ, വെള്ളം വായു അഗ്നി ആകാശം എന്നിവ ഒരിടത്ത് ചേർന്ന ചലിയ്ക്കുന്ന നശ്വരമായ ഒരു മൂർത്തി മാത്രമാണ് ഞാൻ. കണ്ണ് കാത് നാക്ക് മൂക്ക് സ്പർശം എന്നിങ്ങനെയുള്ള പ്രാണിധർമ്മം ഉള്ള ഒരു മനുഷ്യൻ ആണ് ഞാൻ എന്നറിയുക.

ശാണ്ഡില്യൻ: ഹ ഹ ഹ ഇപ്പോഴും ആരാണ് താൻ എന്ന് ശരിയ്ക്കറിയാതെ ആത്മാവിനെ എങ്ങനെ അറിയും? (നോക്കിയശേഷം) ഭഗവാൻ, ഇതാ ഒരു ഉദ്യാനം.
സ്വാമിയാർ: നീ ആദ്യം നടക്ക്. ഏകാന്തവനവാസമാണ് നമുക്ക് യോജിക്കുക. (ഉദ്യാനത്തിലെ ഒറ്റപ്പെട്ട സ്ഥലം എന്നേ ഇവിടെ ഉദ്ദേശിയ്ക്കുന്നുള്ളൂ)

ശാണ്ഡില്യൻ: ഭഗവാൻ താങ്കളാണ് ആദ്യം പ്രവേശിക്കേണ്ടത്. ഞാൻ പിന്നാലെ വരാം

സ്വാമിയാർ: എന്തുകൊണ്ട്?

ശാണ്ഡില്യൻ: അശോകമൊട്ടുകൾക്കിടയിൽ പുലിയുണ്ട് എന്ന് പറഞ്ഞ് എന്നെ അമ്മ പേടിപ്പിച്ചിരുന്നു. അതിനാൽ ഭഗവാൻ ആദ്യം പ്രവേശിച്ചാലും.

സ്വാമിയാർ: ശരി. (ഉദ്യാനത്തിലേയ്ക്ക് പ്രവേശിക്കുന്നു)

No comments:

Post a Comment