Monday, March 14, 2016

ഭാഗം - 2

ശാണ്ഡില്യൻ: അയ്യോ എന്നെ പുലികടിച്ചു. എന്നെ രക്ഷിക്കൂ. എന്നെ പുലി തിന്നുന്നൂ. ഇതാ എന്റെ ക്ഴുത്തിൽ നിന്നും ചോര ഒലിയ്ക്കുന്നു. രക്ഷിയ്ക്കൂ

സ്വാമിയാർ: ശാണ്ഡില്യ. ഭയപ്പെടരുത്. ഭയക്കരുത്. അത് ഒരു മയിൽ ആണ്.

ശാണ്ഡില്യൻ: ശരിയ്ക്കും മയിലാണോ?

സ്വാമിയാർ: അല്ലാതെന്താണ്? അത് ഒരു മയിൽ തന്നെ.

ശാണ്ഡില്യൻ: ശരി, മയിലാണെങ്കിൽ ഞാനെന്റെ കണ്ണ് തുറക്കട്ടെ.

സ്വാമിയാർ: നിന്റെ ഇഷ്ടം പോലെ

ശാണ്ഡില്യൻ: ആഹാ, തന്തയില്ലാത്തവൻ പുലി എന്നെ പേടിച്ച് മയിലായി രൂപം മാറി ഓടിപ്പോകുന്നു. (ഉദ്യാനത്തിനുചുറ്റും നോക്കിയിട്ട്) ഹി! ഹി! ചമ്പകം,അർജ്ജുനം,നീപം, കദംബം, നിചുളം, തിലകം, കുറബകം, കർപ്പൂരം,ചുതം,പ്രിയംഗു,സാലം,താലം,തമാലം,പുന്നഗം, നാഗം, ബകുളം, സരള, സർജ്ജം,സിന്ദുവാരം, തൃണശൂല്യം, സപ്തപർണ്ണം, കരവീരം, കുടജവാഹ്നി, ചന്ദനം,അശോകം മല്ലിക,നന്ദ്യാർവട്ടം,തഗരം,ഖാദിരം, കദളി തുടങ്ങി എല്ലാം വസന്തത്തിൽ മുങ്ങി നിൽക്കുന്നു. മുല്ലവള്ളികൾ നിറഞ്ഞ മണ്ഡപം, പൂമൊട്ടുകൾ തൂങ്ങി നിൽക്കുന്നു. മയിൽ, കുയിൽ, വണ്ടുകൾ തുടങ്ങിയവകളുടെ സുന്ദരമധുരശബ്ദം നിറഞ്ഞ് നിൽക്കുന്നു. വിരഹിണികൾക്ക് ദുഃഖമുണ്ടാക്കുന്നത് തന്നെ. പക്ഷെ അല്ലാത്തവർക്ക് സന്തോഷം പകരുന്നതും ആയ ഉദ്യാനഭംഗി അതിരമണീയം തന്നെ.

സ്വാമിയാർ:വിഡ്ഢി! നിന്റെ ഇന്ദിയശക്തി ദിനം‌പ്രതി ചുരുങ്ങുന്നു. നിനക്ക് രമണീയമായതെന്താണ്? നോക്ക്, നീ പറയുന്നു: വസന്തം തളിർചൂടി ഇവിടെ എത്തി. ശരത്കാലം താമരചൂടി വന്നു. ഈ ലോകത്ത് ഓരൊ കുട്ടികളും ഓരോ ഋതുക്കൾക്കുമായി കൊതിയ്ക്കുന്നു. ആ! അത് അവന്റെ ജീവിതം തന്നെ അപഹരിക്കുന്നതാണെങ്കിലും അവനത് രമണീയമായതാണ്!

ശാണ്ഡില്യൻ: രമണീയമായത് രമണീയം എന്ന് തന്നെ പറയണം

സ്വാമിയാർ: പാണ്ഡിത്യം ഇല്ലായ്മ കൊണ്ട് പറയുന്നതാണ്. നോക്കൂ, കിട്ടാത്തതിനെ കൊതിയ്ക്കുന്നു. നഷ്ടപ്പെട്ടതിനെ പറ്റി ഓർത്ത് ദുഃഖിയ്ക്കുന്നു. വർത്തമാനകാല അവസ്ഥയിൽ അസന്തുഷ്ടരാകുന്നു. അവർക്കൊരിക്കലും നിർവാണം ലഭിയ്ക്കുന്നില്ല.

ശാണ്ഡില്യൻ: ക്ഷീണിപ്പിയ്ക്കുന്ന വഴി. നമുക്കെവിടെ വിശ്രമിയ്ക്കാം?
(ദ്വയാർത്ഥം ആണ്. ഗുരുവിന്റെ വഴിയെ പറ്റിയും ഇപ്പോൾ ഉള്ള ഉദ്യാനത്തിനെ പറ്റിയും)

സ്വാമിയാർ: നമുക്കിവിടെ തന്നെ ഇരിക്കാം.

ശാണ്ഡില്യൻ: വൃത്തിയില്ലാത്തത്

സ്വാമിയാർ: ദൂഷ്യങ്ങളില്ലാത്ത ശുദ്ധമായതാണ് കാട്ടിലെ മണ്ണ്.

ശാണ്ഡില്യൻ: ക്ഷീണിച്ച് വിശ്രമിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ അശുദ്ധമായതും ശുദ്ധമാണെന്ന് തോന്നും

സ്വാമിയാർ: ഞാൻ അല്ല, ശ്രുതിശാസ്ത്രങ്ങൾ പറയുന്നതാണ്. എങ്ങിനെ എന്നാൽ, അധികം മനോന്മത്തരായവർക്ക് അഹിതമായതും ഹിതമായതും എന്തെന്ന് തിരിച്ചറിയില്ല. അവർക്കിഷ്ടമില്ലാത്തതിനെ അവർ അംഗീകരിയ്ക്കുകയുമില്ല.

ശാണ്ഡില്യൻ: പണ്ഡിതനായ അങ്ങെപ്പോലുള്ളവർക്ക് വേദശാസ്ത്രങ്ങൾ അവസാനവാക്കുകൾ ആവില്ല.

സ്വാമിയാർ: അങ്ങനെ അല്ല. പണ്ഡിതലോകം പ്രമാണമാക്കിയതിനെ പ്രമാണമാക്കാം. അവർ തെറ്റായതിനെ പ്രമാണമാക്കില്ല എന്ന് നിശ്ചയം.

ശാണ്ഡില്യൻ: എനിയ്ക്ക് നിങ്ങളുടെ ശാസ്ത്രപ്രമാണങ്ങളെ പറ്റി മനസ്സിലാവുന്നില്ല.

സ്വാമിയാർ: വത്സാ, വരൂ പഠിയ്ക്കൂ

ശാണ്ഡില്യൻ: അദ്ധ്യയനം എന്നെക്കൊണ്ട് പറ്റില്ല.

സ്വാമിയാർ: എന്തുകൊണ്ട് പറ്റില്ല?

ശാണ്ഡില്യൻ: അദ്ധ്യയനത്തിന്റെ അർത്ഥം എന്താണെന്ന് അറിഞ്ഞാൽ കൊള്ളാം.

സ്വാമിയാർ: അനവധി അദ്ധ്യയനം നേടിയവർക്ക് കൂടെ കാലന്തരത്തിൽ മാത്രമെ അതിന്റെ അർത്ഥം മനസ്സിലാകുകയുള്ളൂ. അതിനാൽ അദ്ധ്യയനം ചെയ്യൂ.

ശാണ്ഡില്യൻ: ശരി, അദ്ധ്യയനം ചെയ്താൽ എന്താണ് ഉണ്ടാവുക?

സ്വാമിയാർ: കേൾക്കൂ, ജ്ഞാനം കൊണ്ട് വിജ്ഞാനം നേടുന്നു. വിജ്ഞാനം കൊണ്ട് ആത്മനിയന്ത്രണം ഉണ്ടാകുന്നു. ആത്മനിയന്ത്രണം കൊണ്ട് തപോബലം നേടുന്നു. തപോബലം കൊണ്ട് യോഗാബലം നേടുന്നു. യോഗബലം കൊണ്ട് ഭാവി ഭൂത വർത്തമാനതത്വം അറിയുന്നു. ഇതുകൊണ്ടെല്ലാം എട്ടുമടങ്ങ് ഐശ്വര്യം ലഭിയ്ക്കുന്നു.

ശാണ്ഡില്യൻ: ഭഗവാൻ പറയുന്നത് കേട്ട് കണ്മുന്നിൽ കാണാത്ത കാര്യങ്ങളിലേയ്ക്ക് എന്റെ മനസ്സ് പോകുന്നു. ആട്ടെ പറയൂ, ഭഗവാനു ആരും കാണാതെ മറ്റുള്ളവരുടെ ഗൃഹങ്ങളിലേയ്ക്ക് പ്രവേശിയ്ക്കാൻ കഴിയുമോ?

സ്വാമിയാർ: എന്താ ഉദ്ദേശിയ്ക്കുന്നത്?

ശാണ്ഡില്യൻ: ബുദ്ധവിഹാരത്തിൽ പാകം ചെയ്ത് വിഭവങ്ങൾ എന്തൊക്കെ എന്നറിയാമായിരുന്നു.

സ്വാമിയാർ: അസമയത്ത് നീ സ്വാർത്ഥനാകുന്നു.

ശാണ്ഡില്യൻ: ഹാ, അതുകാരണം ആയിരിക്കും ഭഗവാൻ തലമുണ്ഡനം ചെയ്തത്. മറ്റൊരു പ്രയോജനവും ഞാൻ കാണുന്നില്ല.  

സ്വാമിയാർ: അങ്ങിനെ അല്ല, ഞാൻ മഹാദ്വിജന്മാർ സേവിയ്ക്കുന്ന,  സുരന്മാർക്കും അസുരന്മാക്കും സമ്മതമായ. എതിരില്ലാത്ത, അക്ഷോഭ്യമായ, അചിന്ത്യമായ, നശിക്കാത്ത മഹത്തായ യോഗഫലം ആണ് തേടുന്നത്.

ശാണ്ഡില്യൻ: അല്ലയോ ഭഗവാൻ! നിങ്ങൾ സംന്യാസിമാർ യോഗ, യോഗഫലം എന്നൊക്കെ ധാരാളം പറയുന്നു. വാസ്തവത്തിൽ എന്താണ് യോഗ എന്ന് പറയുന്ന സംഗതി?

സ്വാമിയാർ: കേൾക്കൂ, ജ്ഞാനത്തിന്റെ അടിവേര്, തപസ്സിന്റെ സാരാംശം, ദ്വൈതഭാവമില്ലാതാക്കുന്ന, സ്നേഹവിദ്വേഷങ്ങൾ ഇല്ലാതാക്കുന്നതെന്തോ അതിനെയാണ് യോഗ എന്ന് പറയുന്നത്.

ശാണ്ഡില്യൻ: ആഹാരം ത്യജിച്ചാൽ സർവ്വതും ത്യജിച്ചു എന്ന് ഉദ്ഘോഷിച്ച ഭഗവാൻ ബുദ്ധായ നമഃ

സ്വാമിയാർ: ശാണ്ഡില്യാ എന്താ ഇത്?

ശാണ്ഡില്യൻ: ഭഗവാൻ, പ്രാതലെങ്കിലും കിട്ടും എന്നാശിച്ച് ഞാനാദ്യം ബുദ്ധമതത്തിൽ ചേർന്നിരുന്നു എന്ന് അറിയില്ലേ?

സ്വാമിയാർ: നീ വല്ലതും പഠിച്ചുവോ?

ശാണ്ഡില്യൻ: ഉവ്വ് ഉവ്വ് ധാരാളം

സ്വാമിയാർ: ശരി, എന്നാൽ കേൾക്കട്ടെ.

ശാണ്ഡില്യൻ: ഭഗവാൻ കേൾക്കൂ, എട്ട് തരം പ്രകൃതം, പതിനാറുതരം വികാരങ്ങൾ, അഞ്ചുതരം ആത്മാക്കൾ, മൂന്ന് തരം ഗുണങ്ങൾ, മനസ്സ്,സഞ്ചാരവും പ്രതിസഞ്ചാരവും ഇതൊക്കെയാണ് ജിനദേവൻ(=ബുദ്ധൻ) പിതാകഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത്.
(പിതാകഗ്രന്ഥങ്ങൾ ബുദ്ധമതസൂക്തങ്ങൾ ഉൾക്കൊണ്ട വിവിധഗ്രന്ഥങ്ങൾ ആണ്. ശാണ്ഡില്യൻ ഇവിടെ പറഞ്ഞത് ഹിന്ദുസംഖ്യാശാസ്ത്രത്തിൽ പറഞ്ഞതും ആണ്. ശാണ്ഡില്യനു ആശയക്കുഴപം സംഭവിച്ചതാണ്)

സ്വാമിയാർ: ശാണ്ഡില്യാ ഇത് സംഖ്യാശാസ്ത്രമാണ് ശാക്യശാസ്ത്രമല്ല.

ശാണ്ഡില്യൻ: വിശന്ന് വലഞ്ഞ് ആഹാരത്തിനെ പറ്റി മാത്രം ചിന്തയ്ക്കുന്നതുകൊണ്ട് ഞാൻ ആലോചിയ്ക്കുന്നത് അല്ല പറയുന്നത്. ഇത് കേൾകൂ ഭഗവാൻ, തരാത്ത ദാനം പിടിച്ച് വാങ്ങുന്നത് അനുവദനീയമല്ല. നുണപറയുന്നത് അനുവദനീയമല്ല. ബ്രഹ്മചര്യത്തിൽ നിന്നും വിടുതൽ അനുവദനീയമല്ല. പ്രാണനെ ഹോമിയ്ക്കുന്നത് അനുവദനീയമല്ല. അകാലഭോജനം അനുവദനീയമല്ല. നമ്മുടെ ബുദ്ധധർമ്മസംഘം ശരണം ഗച്ഛാമി.

സ്വാമിയാർ: ശാണ്ഡില്യാ, സ്വന്തം സിദ്ധാന്തങ്ങളെ ഉപേക്ഷിച്ച് മറ്റ് സിദ്ധാന്തങ്ങളെ പറ്റി പറയുന്നതിനു നിനക്ക് അർഹതയില്ല. തമരജോഗുണങ്ങൾ ഉപേക്ഷിച്ച് സത്വഗുണത്തിൽ കേന്ദ്രീകരിച്ച് ധ്യാനം ചെയ്താൽ നിനക്ക് ശരിയായ ജ്ഞാനം ലഭിയ്ക്കുന്നതാണ്.

ശാണ്ഡില്യൻ: ഭഗവാൻ യോഗധ്യാനം ചെയ്തോട്ടെ, ഞാൻ ആഹാരധ്യാനം ചെയ്യും

സ്വാമിയാർ: ഇക്കഥ ഇവിടെ നിർത്തൂ. സർവ്വജഗത്തിനേയും നിന്നിലേക്കാവാഹിച്ച്, പഞ്ചേന്ദ്രിയങ്ങളേയും ആത്മാവിലേയ്ക്ക് അടക്കി, ആത്മദേഹദേഹിജ്ഞാനം അനുഭവിയ്ക്കൂ.

(അപ്പോൾ തോഴിമാരോടൊപ്പം അജ്ജുക(=വേശ്യ, ഗണിക) ഉദ്യാനത്തിലേയ്ക്ക് പ്രവേശിയ്ക്കുന്നു)

അജ്ജുക: പ്രിയ തോഴി മധുകരികേ, രമലികൻ എവിടെ?

മധുകരിക: അജ്ജുകേ, ഞാൻ പെട്ടെന്ന് വരാമെന്ന് പറഞ്ഞ് നഗരത്തിലേക്ക് പോയിരിയ്ക്കുന്നു

അജ്ജുക: തോഴി അതെന്തിനുവേണ്ടി ആയിരിയ്ക്കും?

മധുകരിക: മദ്യപാനോത്സവം ഗംഭീരമാക്കാനല്ലാതെ മറ്റെന്തിന്?

അജ്ജുക: മദ്യപാനം പര്യാപ്തമായില്ലെ?

മധുകരിക: അജ്ജുക പറയുന്നത് ശരി തന്നെ. ഉത്സവം എന്നാൽ സ്ത്രീജനങ്ങൾ കൂടെ ലജ്ജിയ്ക്കുന്നതരത്തിൽ മദ്യപാനം തന്നെ.

അജ്ജുക: അവനോട് പെട്ടെന്ന് വരാൻ അറിയിക്കൂ.

മധുകരിക: ശരി അജ്ജുകേ

(പോകുന്നു)

അജ്ജുക: പ്രിയതോഴി പർഭൃതികേ നമ്മൾ എവിടെ ഇരിക്കും?

പരഭൃതിക: അജ്ജുകേ, നമുക്ക് ഈ പൂത്തമാവിൻ ചുവട്ടിലെ കല്ലുബെഞ്ചിൽ ഇരിക്കാം. അജ്ജുക ഒരു പാട്ട് പാടിയാലും.

അജ്ജുക: ശരി പരഭൃതികേ, പാടാം.

(രണ്ട് പേരും ഇരുന്ന ശേഷം പാട്ട് പാടുന്നു)

കുയിൽ പാടുന്നു. വണ്ടുകൾ മുരളുന്നു. കാമദേവന്റെ ഞാണൊലി കേൾക്കുന്ന ഈ ഉദ്യാനത്തിൽ തേന്മാവിൻ പൂക്കളാൽ തീർത്ത കാമബാണങ്ങളേറ്റാൽ ഏത് സംന്യാസിയുടേയും മനമിളകും.

ശാണ്ഡില്യൻ: (പാട്ട് കേട്ടുകൊണ്ട്) ഹായ് ഒരു കുയിൽ നാദം! അല്ല, കുയിലല്ല ഇത്. പിന്നെ എന്താണ്?
(മനസ്സിലാക്കിയശേഷം)
ഹായ് നല്ല നെയ്പായസം പോലെ മധുരമായ ശബ്ദത്തിൽ ആരോ പാടുന്നതാണല്ലൊ. എന്നാൽ അരാണ് പാടുന്നത് എന്ന് നോക്കട്ടെ.

(അൽപ്പം അടുത്ത് ചെന്ന് കാണുന്നു)

ആഹാ, ഉദ്യാനദേവതെ പോലെ, ഭംഗമില്ലാത്ത ആഭരണങ്ങൾ ധരിച്ച ഈ സുന്ദരി ആരായിരിക്കാം?
(ഭംഗമില്ലാത്ത ആഭരണങ്ങൾ എന്ന് ഉദ്ദേശിയ്ക്കുന്നത് അവളുടെ ശാരീരികാവയവങ്ങളെ ആണ്, പ്രത്യേകിച്ചും മുലകളെ)

പരഭൃതിക: അജ്ജുകേ

ശാണ്ഡില്യൻ: ഓഹോ ഇവൾ ഒരു ഗണികയാണല്ലൊ. ധനികർ ധന്യവാന്മാർ!
(ധനികർക്കല്ലെ വേശ്യകളെ പ്രാപിയ്ക്കാൻ സാധിയ്ക്കൂ എന്ന് വ്യംഗ്യം)

പരഭൃതിക: അജ്ജുകേ, മറ്റൊരു പാട്ടുകൂടെ പാടൂ

അജ്ജുക: ശരി.
മധുമാസത്തിൽ അഹങ്കാരിയായ കാമദേവന്റെ പൂവമ്പാകുന്ന കാമിനികളുടെ കടക്കൺ കടാക്ഷം യോഗികളുടെ മനസ്സിൽ തുളച്ച് കയറുന്നു.

ശാണ്ഡില്യൻ: ഇവൾ മധുരമായി പാടുന്നു! സ്വാമ്യാരേ, ഇത് കേൾക്കുന്നില്ലേ?

സ്വാമിയാർ: കേൾക്കുക എന്നതാണ് ചെവിയുടെ ധർമ്മം. പക്ഷെ ഞാനതിനെ പറ്റി പ്രസംഗിക്കാനൊന്നും ഇല്ല.

ശാണ്ഡില്യൻ: സ്വാമിയുടെ കയ്യിൽ ധനമുണ്ടായിരുന്നെങ്കിൽ പ്രസംഗിയ്ക്കുകയും ചെയ്തേനേ!

സ്വാമിയാർ: ഒ! യുക്തം ആയത് പറയൂ

ശാണ്ഡില്യൻ: സ്വാമി ദേഷ്യപ്പെടരുത്. സംന്യാസികൾക്ക് കോപം നന്നല്ല.

സ്വാമിയാർ: ഇനി ഞാനൊരക്ഷരം പറയില്ല.

ശാണ്ഡില്യൻ: അങ്ങ് ഇപ്പോൾ ഒരു പണ്ഡിതനായി.
(മൗനം വിദ്വാനു ഭൂഷണം എന്നാണല്ലൊ പഴമൊഴി)

(അപ്പോൾ യമകിങ്കരൻ പ്രവേശിയ്ക്കുന്നു)

No comments:

Post a Comment