Monday, March 14, 2016

ഭാഗം - 3


യമകിങ്കരൻ: ഒഹ്! ലോകകാര്യങ്ങൾ ചെയ്ത് തീർത്ത് കർമ്മങ്ങൾ അടങ്ങിയവരുടെ ആത്മാവിനെ ശരീരത്തിൽ നിന്നും അടർത്തിമാറ്റിക്കൊണ്ടുവരാനായി എന്നോട്, ലോകജീവികളുടെ നല്ലതും ചീത്തയുമായ ഓരോ കർമ്മങ്ങൾക്കും സാക്ഷിയായ യമധർമ്മരാജാവ് കൽപ്പിച്ചിരിയ്ക്കുന്നു.
അതിനാൽ,
ഞാൻ നവധി രാജ്യങ്ങളും, നദികളും, വനപർവതങ്ങളും നിറഞ്ഞ ഭൂമിയെ തരണം ചെയ്ത്, മഴനിറഞ്ഞ മേഘങ്ങളാൽ മൂടപ്പെട്ട ചരണ,സിദ്ധ,കിന്നരന്മാർ നിറഞ്ഞ ആകാശവും കടന്ന്, മനോവേഗത്തിൽ യമൻ പറഞ്ഞ സ്ഥലത്ത് എത്തിയിരിക്കുന്നു.

അവൾ എവിടെ?

(കണ്ടശേഷം)

ആഹ, ഇതാ അവൾ!
ഉരുകിയ സ്വർണ്ണത്തിന്റെ നിറമാർന്ന അശോകപ്പൂമൊട്ടുകളുടെ ഇടയിൽ ഇവൾ, പ്രദോഷസന്ധ്യാസമയത്ത് മേഘങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന ചന്ദ്രലെഖയെ പോലെ ശോഭിയ്ക്കുന്നു.

ശരി തന്നെ, ഇവൾക്ക് അൽപ്പനേരം കൂടെ ബാക്കിയുണ്ട്. അതുവരെ കാത്തിരുന്ന് ഇവളുടെ ജീവനുംകൊണ്ട് പോകാം.

പരഭൃതിക: അജ്ജുകേ, ഈ അശോകത്തളിർ കാണാൻ നല്ല ഭംഗി. ഞാനിത് നുള്ളട്ടെ.

അജ്ജുക: അരുത്, അരുത്! ഞാൻ തന്നെ നുള്ളാം.

യമകിങ്കരൻ: ഹായ്, പറ്റിയ സമയം. പെട്ടെന്ന് ഒരു പാമ്പിന്റെ രൂപം ധരിച്ച് അശോകമരക്കൊമ്പിൽ ഇരുന്ന് ഇവളുടെ ജീവൻ എടുക്കുക തന്നെ. ഞാനതിനാൽ, ശ്യാമവർണ്ണയും പ്രസന്നവദനയും മധുരഭാഷിണിയും കാമർദ്രമായ വിശാലജഘനങ്ങളോടുകൂടിയവളും ചന്ദനച്ചാർ പൂശിയവളും ചെന്താമരശോഭയാർന്ന കണ്ണുകൾ ഉള്ളവളുമായ ഈ യുവതിയുടെ ആത്മാവിനെ യമരാജാവിന്റെ സമീപം ഞാൻ കൊണ്ടുപോകുന്നു.

(ഗണിക തളിർ നുള്ളുന്നു) ഇത് തന്നെ കടിയ്കാൻ പറ്റിയ സമയം. (പാമ്പ് കടിയ്ക്കുന്നു)

അജ്ജുക: അയ്യോ! എന്നെ എന്തോ കടിച്ചു!

പരഭൃതിക: (അശോകമരക്കൊമ്പുകളിലേക്ക് നോക്കി) അയ്യോ! പാമ്പ് പാമ്പ്.  അശോകപൂന്തളിരുകൾക്കിടയിൽ ഒരു പാമ്പ്.

അജ്ജുക: ആ അയ്യോ! പാമ്പ്! (വീഴുന്നു)

ശാണ്ഡില്യൻ: (സമീപം ചെന്ന്) ഭവതി! എന്ത് പറ്റി?

പരഭൃതിക: ആര്യ, അജ്ജുകയെ പാമ്പ് കടിച്ചു.

ശാണ്ഡില്യൻ: അയ്യോ! ഭഗവാൻ! ഈ യുവഗണികയെ ഒരു പാമ്പ് കടിച്ചു!

സ്വാമിയാർ: അവളുടെ സമയം ആയിക്കാണും. കാരണം, കർമ്മഫലം അനുഭവിയ്ക്കാനായി ജീവികൾ കർമ്മമണ്ഡലത്തിൽ ജനിയ്ക്കുകയും അനുഭവിച്ച് തീർന്നതിനുശേഷം മറ്റെവിടെയ്ക്കെങ്കിലും ആത്മാവ് യാത്ര പോവുകയും ചെയ്യുന്നു.  

പരഭൃതിക: വേദനിയ്ക്കുന്നുണ്ടോ?

അജ്ജുക: ശരീരം തളരുന്നു, ജീവൻ പോകുന്ന പോലെ തലകറങ്ങുന്നു, എനിയ്ക്ക് കിടക്കണം

പരഭൃതിക: ഇവിടെ നല്ലപോലെ കിടന്ന് വിശ്രമിയ്ക്കൂ, അജ്ജുക

അജ്ജുക: തോഴീ, അമ്മയോടെന്റെ അഭിവാദ്യങ്ങൾ അറിയിക്കൂ.

പരഭൃതിക: തോഴി തന്നെ പോയി പറയൂ

അജ്ജുക: ആഹാ രാമലികനെ ആലിംഗനം ചെയ്യൂ

(ഇതും പറഞ്ഞ് ബോധംകെട്ട് വീഴുന്നു)

പരഭൃതിക: അയ്യോ അജ്ജുക മരിച്ചു!

യമകിങ്കരൻ: അതെ, അവളുടെ ജീവൻ ഞാൻ അപഹരിച്ചു.
ഗംഗയേയും ശുദ്ധവെള്ളം നിറഞ്ഞ നർമ്മദയേയും വിന്ധ്യനേയും കടന്ന്, സഹ്യനേയും കയറി, കൃഷ്ണഗോദാവരി നദികൾ കടന്ന്, പശുപതിക്ഷേത്രം താണ്ടി, കാഞ്ചിയും സുപ്രയാഗയും താണ്ടി, പിന്നെ കാവേരി താമ്രപർണ്ണി നദികളും മലയപർവ്വതവും കടന്ന്, സുമുദ്രവും താണ്ടി ലങ്കയേയും കടന്ന് കാറ്റിനെ പോലെ വേഗത്തിൽ ഞാൻ യമപുരിയിൽ എത്തും.
ആ ആൽമരക്കൊമ്പിലിരിക്കുന്ന ചിത്രഗുപ്തന്റെ അടുക്കൽ ഞാൻ ഈ ആത്മാവിനെ എത്തിയ്ക്കട്ടെ.

(പോകുന്നു)

പരഭൃതിക: ഓഹ്! അജുക!

ശാണ്ഡില്യൻ: ഭഗവാൻ, ഈ യുവഗണിക ജീവത്യാഗം ചെയ്തു

സ്വാമിയാർ: വിഡ്ഢി! ജീവികൾക്ക് ജീവൻ വളരെ പ്രിയമുള്ളതാണ്. അതിനാൽ പ്രാണൻ ശരീരത്തെ ത്യജിച്ചു എന്ന് പറയുകയാണ് യുക്തം.

ശാണ്ഡില്യൻ: കടന്ന് പോടാ, നിർദ്ദയൻ, നിഷ്കരുണൻ, സ്നേഹശൂന്യൻ, കർക്കശഹൃദയക്കാരൻ, ദുഷ്ടബുദ്ധി, ദുഷ്കീർത്തിമാൻ, വെറുതെ തലമുണ്ഡനം ചെയ്ത അരിച്ചാക്ക്…

സ്വാമിയാർ: നിന്റെ ഉദ്ദേശം എന്താണ്?

ശാണ്ഡില്യൻ: നിന്റെ 108 നാമങ്ങൾ ഞാൻ പറഞ്ഞ് തീർക്കട്ടെ.

സ്വാമിയാർ: ഇഷ്ടം പോലെ പറഞ്ഞ് തീർക്കൂ

ശാണ്ഡില്യൻ: ഓഹ്, ഭഗവാൻ! ഞാൻ ദുഃഖിതനാണ്. നിരാശനാണ്.

സ്വാമിയാർ: അതെന്തിനാണ്?

ശാണ്ഡില്യൻ: അവൾ നമ്മളിലൊരുത്തിയാണ്? സ്വജനം ആണ്.
സ്വാമിയാർ: അവളെങ്ങനെ സ്വജനമാകും?  

ശാണ്ഡില്യൻ: സംന്യാസികളെ പോലെ തന്നെ അവളും ആരേയും ചെറുതായെങ്കിലും സ്നേഹിക്കുന്നില്ല.

സ്വാമിയാർ: ധനമോ മറ്റ് അമൂല്യമായ വസ്തുക്കളോ നിർമമനല്ലാത്തവരിൽ ആശയെ ജനിപ്പിക്കാം. കാരണം, ശാസ്ത്രങ്ങൾ പറയുന്ന പാത തിരഞ്ഞെടുത്ത് നിർമമ മോക്ഷം കൊതിയ്ക്കുന്നവർ കുടുംബബന്ധങ്ങളിൽ നിന്നും മൊചനം നേടിയവരെങ്കിൽ കൂടെ, മൂല്യവസ്തുക്കളോട് ആശ തോന്നാം.

ശണ്ഡില്യൻ: ഓ ഭഗവാൻ! എനിക്ക് സഹിക്കാൻ പറ്റുന്നില്ല, ഞാനവളുടെ സമീപം ചെന്ന് കരയട്ടെ!

സ്വാമിയാർ: അരുത്. പോകരുത്

ശാണ്ഡില്യൻ: ദേഷ്യപ്പെടരുത്. സംന്യാസികൾക്ക് കോപം ഉചിതമല്ല. (ഗണികയുടെ സമീപം ചെന്ന്) ഓ അജ്ജുകേ! ഓ പ്രിയപ്പെട്ടവളേ! ഓ! മധുരഭാഷിണീ!

പരഭൃതിക:, ആര്യ, എന്താണിത്?

ശാണ്ഡില്യൻ: സ്നേഹം, അനുകമ്പ അതുതന്നെ ഭവതീ.

പരഭൃതിക: (ആത്മഗതം), ശരി തന്നെ, സജ്ജനങ്ങൾ ദീനാനുകമ്പ ഉള്ളവരായിരിക്കും.

ശാണ്ഡില്യ, ഭവതി, ഞാനിവളെ ഒന്ന് തൊട്ടോട്ടെ?

പരഭൃതിക: ആയിക്കോളൂ ആര്യാ

ശാണ്ഡില്യൻ: ഹാ! ഭവതി! (അവളുടെ കാലുകൾ തൊടുന്നു)

പരഭൃതിക: അരുത്, കാലുതൊടരുത്.

ശാണ്ഡില്യൻ: ആ! സങ്കടം കൊണ്ട് എനിയ്ക്ക് കണ്ണ് കാണാൻ വയ്യാതായി. കാലും തലയും തിരിച്ചറിഞ്ഞില്ല. പനഞ്ചക്ക പോലെ കറുത്ത് തടിച്ചുരുണ്ട ചന്ദനലേപാലംകൃതമായ ഇവളുടെ മുലകൾ ജീവിച്ചിരിന്നപ്പോൾ സ്പർശിക്കാൻ പറ്റാത്തത് എന്റെ ഭാഗ്യക്കേട് തന്നെ.

പരഭൃതിക: (ആത്മഗതം) ഞാനിങ്ങനെ ചെയ്യും (ഉറക്കെ) ആര്യ, അൽപ്പനേരം അജ്ജുകയുടെ സമീപത്തിരിക്കൂ. ഞാൻ അജ്ജുകയുടെ അമ്മയെ വിളിച്ച് കൊണ്ട് വരട്ടെ.

ശാണ്ഡില്യൻ: പെട്ടെന്ന് പോയി വരൂ. ഞാൻ അമ്മയില്ലാത്തവർക്ക് അമ്മയായി ഇവിടെ ഇരിക്കാം.

പരഭൃതിക: (ആത്മഗതം) ഈ ബ്രാഹ്മണൻ ദീനാനുകമ്പയുള്ളവൻ തന്നെ. ഇവൻ അജ്ജുകയെ വിട്ട് എവിടെയും പോകില്ല. ഞാൻ പെട്ടെന്ന് പോകട്ടെ.

(അവൾ പോകുന്നു)

ശാണ്ഡില്യൻ: അവൾ പോയി. ഞാൻ ഹൃദയം പൊട്ടുമാറുച്ചത്തിൽ കരയട്ടെ. അയ്യോ അജ്ജുക! മധുരഭാഷിണീ… (കരയുന്നു)

സ്വാമിയാർ: ശാണ്ഡില്യാ, അരുത്. കരയരുത്

ശാണ്ഡില്യൻ: ഒന്നുപോടാ. കടന്ന് പോ ഹൃദയശൂന്യൻ. ഞാനും നിന്നെ പോലെ എന്ന് തോന്നിയോ?

സ്വാമിയർ: ഇവിടെ വരൂ വത്സാ. അദ്ധ്യയനം ചെയ്യൂ

ശാണ്ഡില്യൻ: ഭഗവാൻ, ഈ അശരണയായ സ്ത്രീയ്ക്ക് എന്ത് ചികിത്സയാണ് നൽകുക?

സ്വാമിയാർ: ഔഷധശാസ്ത്രവും നിനക്ക് വേണോ?

ശാണ്ഡില്യൻ: നിങ്ങളുടെ യോഗഫലം പാപമാണ്

സ്വാമിയാർ: (ആത്മഗതം) ഈ മൂഢനു കർത്തവ്യബോധം ഇല്ലാത്തതിനാൽ സംന്യാസവൃത്തിയിലെ നല്ലതും ചീത്തയും അറിയില്ല. അവനവന്റെ ശിഷ്യന്റെ നന്മയ്കയുള്ള പ്രവൃത്തിയിൽ മുഴുകുന്നത് നിർദോഷമാണെന്ന് മഹേശ്വരൻ മുതലായ യോഗിവര്യന്മാർ പറഞ്ഞതായി കേട്ടിട്ടുണ്ട്. അതിനാൽ ഇവനു യോഗയിൽ വിശ്വാസം ജനിപ്പിക്കാനുള്ള കർമ്മത്തിൽ മുഴുകക തന്നെ. ഞാൻ ഗണികയുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു.

(യോഗാവിഷ്ടനായി) (സ്വാമിയാരുടെ ആത്മാവ് അജ്ജുകയുടെ ദേഹത്ത് പ്രവേശിക്കുന്നു. ശേഷം അജ്ജുക പറയുന്നതെല്ലാം സ്വാമിയാർ പറയുന്ന പോലെ ആണ്)

അജ്ജുക: (എഴുന്നേറ്റുകൊണ്ട്) ശാണ്ഡില്യ, ശാണ്ഡില്യ

ശാണ്ഡില്യൻ: (സന്തോഷത്തോടെ) ഹായ്, ഇവൾക്ക് ജീവൻ കിട്ടി. ഇവളുടെ ജീവൻ തിരിച്ച് വന്നു. പ്രിയേ, ഞാനിവിടെ ഉണ്ട്.

അജ്ജുക: കൈ കഴുകാതെ എന്നെ തൊടരുത്

ശാണ്ഡില്യൻ: ഇവൾ വളരെ സംശുദ്ധിയുള്ളവൾ ആണ്.

അജ്ജുക: വരൂ വത്സ, അദ്ധ്യയനം തുടരൂ

ശാണ്ഡില്യൻ: അയ്യോ ഇവിടേയും അദ്ധ്യയനമോ? ഞാൻ ഭഗവാന്റെ സമീപം ചെല്ലട്ടെ. (ഭഗവാന്റെ സമീപം ചെന്ന്) അയ്യോ ഭഗവാൻ അന്തരിച്ചു! വചാലനെങ്കിലും ഹാ ഭഗവാൻ! ഹാ യോഗേന്ദ്ര! ഹ ഉപാദ്ധ്യായ! പണ്ഡിതനായാലും മരിയ്ക്കും!

(അപ്പോൾ അജ്ജുകയുടെ അമ്മയും പരഭൃതികയും പ്രവേശിക്കുന്നു)

പരഭൃതിക: അമ്മേ.. ഇതിലേ ഇതിലേ വരൂ

അമ്മ: എവിടെ എന്റെ മകൾ?

പരഭൃതിക: അജ്ജുകയെ ഉദ്യാനത്തിൽ വെച്ച് പാമ്പ് കടിച്ചു

അമ്മ: ഹാ! മന്ദഭാഗ്യ ഞാൻ! ഞാൻ ചത്തൂ!

പരഭൃതിക: സമാശ്വസിയ്ക്കൂ അമ്മേ, അജ്ജുക ഇതാ ഇവിടെ ജീവനോടെ നിൽക്കുന്നു

അമ്മ: അവൾക്ക് സുഖമില്ലെന്ന് തോന്നുന്നു. പഴയപോലെ അല്ല. (സമീപിച്ച്) മോളേ വസന്തസേനേ, നിനക്കെന്ത് പറ്റി?

അജ്ജുക: വൃഷളവൃദ്ധേ, എന്നെ തൊടരുത്

അമ്മ: ഒഹ്! ധിക്കാരി, എന്താണ് സംഭവിയ്ക്കുന്നത്?

പരഭൃതിക: വിഷം വല്ലാതെ അധികം കയറിയിട്ടുണ്ട് എന്ന് തോന്നുന്നു.

അമ്മ: വൈദ്യനെ വിളിയ്ക്കൂ വേഗം

പരഭൃതിക: ശരി (പോകുന്നു)

(അപ്പോൾ രാമലികനും മധുകരികയും പ്രവേശിക്കുന്നു)

മധുകരിക: സ്യാലൻ(=അളിയൻ) വേഗം ചെല്ലൂ. അങ്ങയെ കാണാതെ അജ്ജുക വല്ലാതെ വിഷമിച്ചിരിക്കുകയാണ്.

രാമലികൻ: മധുരവചനങ്ങൾ മൊഴിയുന്ന വിശാലാക്ഷിയുടെ കോമളമുഖചെന്താമരയിൽ നിന്നും ഒരു തുള്ളി തേൻ കുടിയ്ക്കാൻ എനിയ്ക്ക് കൊതിയാകുന്നു.
(അവളെ സമീപിച്ച്) എന്നെ കണ്ടിട്ട് മുഖം തിരിച്ച് നിൽക്കുന്നതെന്താണ്? (അവളുടെ വസ്ത്രത്തുമ്പിൽ പിടിച്ച്) സുകോമളഗാത്രി നിന്റെ മുഖം കാണിച്ചാലും. കൈക്കുമ്പിളിലെ വെള്ളം പോലെ അല്പാൽപ്പമായി, ഓളങ്ങൾക്ക് നടുവിലെ  മെല്ലെഇളകുന്ന നിന്റെ മുഖതാമര തരുന്ന കാഴ്ച്ച മനോഹരം തന്നെ.   

അജ്ജുക: എടാ വിവരദോഷി, എന്റെ വസ്ത്രം വിട്

രാമലികൻ: ഭവതി, ഇതെന്താണ്?

അമ്മ: പാമ്പ് കടിച്ചമുതൽ അസംബന്ധമേ ഇവൾ പറയുന്നുള്ളൂ

രാമലികൻ: അങ്ങനെ ആണോ? ബോധശൂന്യയായ ഇവളുടെ ശരീരത്തിൽ ഭൂതമാവേശിച്ചു.

(വൈദ്യനും പരഭൃതികയും പ്രവേശിക്കുന്നു)

പരഭൃതിക: വരൂ വരൂ ആര്യാ

വൈദ്യൻ: അവളെവിടെ?

പരഭൃതിക: അജ്ജുക ഇവിടെ ഉണ്ട്് ഹായ്! ഇപ്പോഴും ജീവിച്ചിരിക്കുന്നു.

വൈദ്യൻ: ഇവളെ വളരെ വലിയ ഏതോ പാമ്പാണ് കടിച്ചിരിക്കുന്നത്

പരഭൃതിക: അതെങ്ങനെ ആര്യനറിഞ്ഞു?

വൈദ്യൻ: അസാധാരണമായ പെരുമാറ്റം കണ്ട് തന്നെ. എന്റെ എല്ലാ ഉപകരണങ്ങളും കൊണ്ട് വരൂ. വിഷചികിത്സ ആരംഭിക്കട്ടെ. (വൈദ്യൻ ഇരുന്ന് ഒരു മാന്ത്രികവട്ടം വരയ്ക്കുന്നു) വളഞ്ഞ്പുളഞ്ഞ് പോകുന്നവളേ ഇവിടെ ഉള്ളിൽ വാ. വാസുകിയുടെ മകനെ നിൽക്കവിടെ. ശൂ.. ശൂ.. നിന്റെ തലഞാൻ എടുക്കും. എന്റെ കത്തി എവിടെ (ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്നതരത്തിലുള്ള കത്തി)

അജ്ജുക: വിഡ്ഢിവൈദ്യാ വെറുതെ വേഷം കെട്ടരുത്.

വൈദ്യൻ: പിത്തവും ഉണ്ട്. ഞാൻ നിന്റെ വാതപ്പിത്തകഫങ്ങളെല്ലാം ഇല്ലാതാക്കും.

രാമലികൻ: വേഗം ശ്രമിയ്ക്കൂ. അകൃതജ്ഞരാവില്ല ഞങ്ങൾ.

വൈദ്യൻ: ഞാൻ സുന്ദരമായ ഗുളികയും വിഷചികിത്സ പുസ്തകവും ഇപ്പോൾ കൊണ്ട് വരാം.

(പോകുന്നു)

(അപ്പോൾ യമകിങ്കരൻ പ്രവേശിക്കുന്നു)

യമകിങ്കരൻ: ഹയ്യോ യമധർമ്മ രാജാവ് എന്നെ ചീത്തപറഞ്ഞ് ഓടിച്ചു. ഈ വസന്തസേനയുടെ ആത്മാവിനെ പെട്ടെന്ന് തന്നെ അവളുടെ ശരീരത്തിൽ നിക്ഷേപിച്ച് ശരിയായ വസന്തസേനയുടെ ആത്മാവ് പെട്ടെന്ന് തന്നെ കൊണ്ടുവരാനായി പിന്നേയും പറഞ്ഞ് വിട്ടു.
ഇവളുടെ ശരീരം അഗ്നി സ്വീകരിച്ചില്ലെങ്കിൽ ഇവളെ ജീവിപ്പിക്കും ഞാൻ. (നോക്കിക്കണ്ട്) അയ്യോ എഴുന്നേറ്റ് നിൽക്കുന്നു ഇവൾ! അയ്യോ ഇതെന്താണ്? ഇവളുടെ ജീവാത്മാവ് എന്റെ കൈകളിൽ ആണല്ലൊ എന്നിട്ടും അജ്ജുക എഴുന്നേറ്റ് നിൽക്കുന്നു. മുൻപൊരിക്കലും ഞാനിത് ലോകത്ത് കണ്ടിട്ടില്ല. ആശ്ചര്യം തന്നെ!
(ചുറ്റും നോക്കി) ഒഹൊ! ഈ മഹായോഗി സ്വാമിയാരുടെ പണിയാണിത്. ഇനി ഞാനെന്ത് ചെയ്യും? ആട്ടെ, ഈ ഗണികയുടെ ആത്മാവിനെ സ്വാമിയാരുടെ ശരീരത്തിൽ നിക്ഷേപിക്കുകതന്നെ. എന്നിട്ട് കളിതമാശ കഴിഞ്ഞാൽ യഥാസ്ഥാനത്ത് വെയ്ക്കാം.

(അങ്ങിനെ ചെയ്യുന്നു)

ഈ ബ്രാഹ്മണന്റെ ശരീരത്തിൽ സ്ത്രീയുടെ ആത്മാവിനെ നിക്ഷേപിച്ചു. സ്വാമിയുടെ സത്വം പോലെ തന്നെ ശീലവും മാറിയിരിക്കും.

(പോകുന്നു)

സ്വാമിയാർ: (എഴുന്നേറ്റ്) പരഭൃതികേ പരഭൃതികേ

ശാണ്ഡില്യൻ: ഹായ്! ഭഗവാനും ജീവൻ കിട്ടി. ദുഃഖികൾ പെട്ടെന്ന് മരിക്കില്ല എന്ന് തർക്കിക്കണം

സ്വാമിയാർ: രമലികൻ എവിടെ?

രാമലികൻ: ഭഗവാൻ, ഞാനിവിടെ ഉണ്ട്.

ശാണ്ഡില്യൻ: ഹേ ഭഗവാൻ, ഇതെന്താണ് ഇങ്ങനെ? കുണ്ഡിക(=പാത്രം)പിടിയ്ക്കുന്ന ഇടതുകൈകളിൽ ശംഖ് വളകൾ അണിഞ്ഞ പോലെ എനിയ്ക്ക് തോന്നുന്നു.

സ്വമിയാർ: രമലിക എന്നെ ആലിംഗനം ചെയ്യൂ

ശാണ്ഡില്യൻ: കിംശുകദണ്ഡിനെ(സംന്യാസികളുടെ കയ്യിലുണ്ടാകുന്ന പ്ലാശിന്റെ ദണ്ഡ്) ആലിംഗനം ചെയ്തോളൂ.

സ്വാമിയാർ: രമലികാ ഞാൻ നല്ലമത്തയായിട്ടുണ്ട്. (നല്ലവണ്ണം മദ്യം പാനം ചെയ്തിട്ടുണ്ട് എന്നർത്ഥം)

ശാണ്ഡില്യൻ: അല്ലല്ല അങ്ങ് ഉന്മത്തനായിട്ടുണ്ട്. (ഭ്രാന്തനായിട്ടുണ്ട് എന്നർത്ഥം)

രാമലികൻ: ഭഗവാൻ, അങ്ങയുടെ ജല്പനം സംന്യാസികൾക്ക് ചേരാത്തതാണ്.

സ്വാമിയാർ: അൽപ്പം സുരസേവ ചെയ്യട്ടെ. (മദ്യം കുടിയ്ക്കട്ടെ എന്നർത്ഥം)

ശാണ്ഡില്യൻ: വിഷം കുടിയ്ക്കൂ. പരിഹാസത്തിന്റെ അങ്ങേയറ്റമായി തീർന്നു. ഇപ്പോൾ ഭഗവാനുമല്ല അജ്ജുകയുമല്ല അഥവാ ഭഗവദജ്ജുകം എന്ന് വിളിയ്ക്കാം.

സ്വാമിയാർ: പരഭൃതികേ, പരഭൃതികേ, എന്നെ ആലിംഗനം ചെയ്യൂ

പരഭൃതിക: ദൂരെ പോകൂ

അമ്മ: മോളെ, വസന്തസേനേ..

സ്വാമിയാർ: അമ്മേ ഞാനിവിടെ ഉണ്ട്. വന്ദനം അമ്മേ

അമ്മ: ഭഗവാൻ, എന്താണിങ്ങനെ?

സ്വാമിയാർ: അമ്മേ, എന്നെ അറിയില്ലെ? രമലികാ ഇന്ന് താങ്കൾ വല്ലാതെ വൈകിയ്ക്കുന്നു.

രാമലികൻ: ഭഗവാൻ, എനിയ്ക്ക് ബാധകയറിയിട്ടില്ല.

(വൈദ്യൻ പ്രവേശിക്കുന്നു)

വൈദ്യൻ: എട്ടുകൂട്ടം ചേർന്ന ഗുളികയും ഞാൻ കൊണ്ടുവന്നിട്ടുണ്ട്. കാരണം മരിച്ചവൾ ജീവിയ്ക്കുമോ എന്നെനിയ്ക്കറിയില്ല. വെള്ളമെവിടെ വെള്ളം വെള്ളം

(അജ്ജുകയുടെ സമീപം ചെല്ലുന്നു)

മധുകരിക: ഇതാ വെള്ളം.

വൈദ്യൻ: ഗുളിക പൊടിച്ച്ചേർക്കട്ടെ. അവളെ ദംശിച്ചിരിക്കുന്നു. അവൾക്ക് ബാധകയറിയിരിക്കുന്നു

അജ്ജുക: വിഡ്ഢി വൈദ്യൻ. വയസ്സായിട്ടും ഒന്നും പഠിയ്ക്കാതെ വയസ്സായിരിക്കുന്നു. ഉപയോഗശൂന്യൻ. പ്രാണികളുടെ അന്ത്യത്തെ കുറിച്ച് പോലും ഒന്നും അറിയില്ല. അവളെ ഏത് തരത്തിലുള്ള പാമ്പാണ് കടിച്ചിരിക്കുന്നത് എന്ന് പറ.

വൈദ്യൻ: എന്തെങ്കിലും അത്ഭുതകരമായതുണ്ടോ?

അജ്ജുക: ശാസ്ത്രം ഉണ്ടോ?

വൈദ്യൻ: ഉവ്വ്. ധാരാളം ശാസ്ത്രങ്ങൾ ഉണ്ട്. ശാസ്ത്രങ്ങൾ അഞ്ഞൂറും ആയിരവും പറയുന്നുണ്ട്.

അജ്ജുക: എന്നാൽ പറയൂ. വൈദ്യശാസ്ത്രത്തിലുള്ളത് പറയൂ

വൈദ്യൻ: കേൾക്കൂ ഭവതി, വാതം, പിത്തം, ക… ക… ഒഹ്! എവിടെ എന്റെ പുസ്തകം? പുസ്തകം..

ശാണ്ഡില്യൻ: അഹോ! വൈദ്യന്റെ പഠിത്തം! ഒരുവരി കൂടെ അറിയില്ല. ആട്ടെ, ഈ വൈദ്യൻ എന്നെ പോലെ ആയിരിക്കാം. ഇതാ പുസ്തകം.

വൈദ്യൻ: കേൾക്കൂ ഭവതി, വാതപിത്തകഫം എന്നിങ്ങനെ മൂന്ന് തരത്തിൽ വിഷം. അവയെ തൃണിസർപ്പങ്ങൾ എന്ന് പറയുന്നു. നാലമതൊന്ന് ഇല്ല.

അജ്ജുക: പറയുന്ന വാക്കുകൾ തന്നെ തെറ്റ്. തൃണിസർപ്പങ്ങൾ എന്നല്ല ത്രയസർപ്പങ്ങൾ എന്ന് വേണം പറയാൻ. തൃണി നപുംസകലിംഗം ആണ്.

വൈദ്യൻ: ഹേയ്, അപ്പോൾ വ്യാകരണസർപ്പമായിരിക്കും ദംശിച്ചിരിക്കുക.

അജ്ജുക: വിഷവേഗങ്ങൾ എത്ര തരം ഉണ്ട്?

വൈദ്യൻ: നൂറുതരം വിഷവേഗങ്ങൾ ഉണ്ട്.

അജ്ജുക: തെറ്റ്, തെറ്റ്. വിഷവേഗങ്ങൾ ഏഴാണ്. അവ ഇങ്ങനെ, രോമാഞ്ച, മുഖശോഷണം, വിവർണ്ണം, വേപഥു, ഇക്കിളി ഏമ്പക്കം, കിതപ്പ്, ബോധശൂന്യം.
ഈ ഏഴ് വിഷവേഗങ്ങൾ കഴിഞ്ഞാൽ സാക്ഷാൽ അശ്വിനിദേവകൾക്ക് കൂടെ ചികിത്സിച്ച് രക്ഷിക്കാൻ കഴിയില്ല. ഇതിലധികം എന്തെങ്കിലും ഉണ്ടെങ്കിൽ പറയൂ.

വൈദ്യൻ: വാസ്തവത്തിൽ ഇതെന്റെ(വിഷചികിത്സ) വിഷയമല്ല. ഭഗവതീ നമിയ്ക്കുന്നു നിന്നെ. ഞാൻ പോകുന്നു.

(അങ്ങിനെ വൈദ്യൻ പോകുന്നു)

(യമകിങ്കരൻ പ്രവേശിക്കുന്നു)

യമകിങ്കരൻ: ഒഹ്! ഇത്, ഗർഭച്ഛിദ്രം, കുരു, പനി, ചെവി പഴുക്കൽ, ഹൃദ്രോഗം, കണ്ണിനസുഖം,തലച്ചോറിനസുഖം എന്നിങ്ങനെ പലതരം രോഗങ്ങൾ പലജീവികൾക്കും യമപുരി സന്ദർശനത്തിനു കാരണമാകുന്നു. എനിയ്ക്ക് യമധർമ്മന്റെ ആജ്ഞ അനുസരിക്കണം. (അജ്ജുകയുടെ സമീപം ചെന്ന്) ഭഗവാൻ, ഈ സ്ത്രീശരീരത്തിൽ നിന്നും പുറത്ത് വന്നാട്ടെ.

അജ്ജുക: ശരി നിന്റെ ഇഷ്ടം പോലെ.

യമകിങ്കരൻ: ഞാൻ ജീവവിനിമയം ചെയ്ത് എന്റെ കാര്യം നോക്കട്ടെ.

(അങ്ങിനെ ചെയ്ത് പോകുന്നു)

സ്വാമിയാർ: ശാണ്ഡില്യാ, ശാണ്ഡില്യ.

ശാണ്ഡില്യൻ: ഹായ് ഭഗവാൻ പതിവ്പോലെ ആയിരിക്കുന്നു.   

അജ്ജുക: പരഭൃതികേ പരഭൃതികേ

പരഭൃതിക: ഹായ് അജ്ജുക പതിവുപോലെ സംസാരിയ്ക്കുന്നു

അമ്മ: മോളെ, വസന്തസേനേ

രാമലികൻ: ഹാവൂ പ്രിയേ വസന്തസേനേ ഇവിടെ വരൂ.

(അജ്ജുകയും അവളുടെ കാമുകൻ രമലികനും തോഴിമാരും അമ്മയും ഒന്നിച്ച് പോകുന്നു)

ശാണ്ഡില്യൻ: ഭഗവാൻ, ഇതെന്താണ്?

സ്വാമിയാർ: വലിയ കഥയാണ്. അതെല്ലാം ഞാൻ വഴിപോലെ പറഞ്ഞ് തരാം. (നാലുചുറ്റും നോക്കിയിട്ട്) ദിവസം കഴിഞ്ഞു. നോക്കൂ, സൂര്യൻ അസ്തമിയ്ക്കാനായി ആകാശാന്ത്യത്തിൽ മൂശയിൽ നിന്നും ഉരുകിയൊലിയ്ക്കുന്ന സ്വർണ്ണം പോലെ തൂങ്ങി നിൽക്കുന്നു. മേഘങ്ങൾ സൂര്യതേജസ്സിനെ മറച്ചിരിക്കുന്നത് കണ്ടാൽ അന്തരീക്ഷത്തിന്റെ ജ്വലിയ്ക്കുന്നഗർഭം പോലെ തോന്നിയ്ക്കുന്നു.

(രണ്ട് പേരും പോകുന്നു)

ഇങ്ങിനെ ഭഗവദജ്ജുകം സമാപിയ്ക്കുന്നു.

No comments:

Post a Comment